കനത്ത മഴയും, ആലിപ്പഴവര്‍ഷ സാധ്യതയും ; അതിശൈത്യത്തിൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

delhi
delhi

ഡല്‍ഹി : അതിശൈത്യത്തിൽ ഡല്‍ഹിയും ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയില്‍ താപനില കുറഞ്ഞു. 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില.

മേഖലയില്‍ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടും വാരാന്ത്യത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും ഇത് കാരണമായി.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ തെക്കുകിഴക്കന്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ആലിപ്പഴവര്‍ഷത്തോടൊപ്പമുള്ള ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags