ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് എട്ട് മരണം

google news
mumbai

ശക്തമായ മഴയിലും പൊടിക്കാറ്റിലും മുംബൈയില്‍ എട്ട് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് പെട്രോള്‍ പമ്പിന് സമീപം സ്ഥാപിച്ച പരസ്യബോര്‍ഡ് തകര്‍ന്നുവീണു. 20 ഓളം പേര്‍ ഇതിനിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബില്‍ബോര്‍ഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോര്‍ഡിന്റെ ഇരുമ്പ് ഭാഗം വീണത്.
ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസും ദുരന്തപ്രതിരോധ സേനയും. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുന്‍ഗണനയെന്ന് സംഭവത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുംബൈയിലെ എല്ലാ പരസ്യ ബോര്‍ഡുകളും പരിശോധിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി.

മുംബൈയില്‍ മണിക്കൂറുകളായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി. നഗരത്തില്‍ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ആകാശത്തില്‍ ആകെ പൊടി നിറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസ്, മെട്രോ ട്രെയിന്‍, വിമാനത്തവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

Tags