ഗാന്ധിനഗറില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസുമായി മൂന്നുപേര്‍ അറസ്റ്റില്‍
cannabis

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ധാബയില്‍നിന്നാണ് ജയ് കിഷന്‍ ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) പിടികൂടിയത്. ഇവരില്‍നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും പിടിച്ചെടുത്തു.

റോഡരികില്‍ പ്രവര്‍ത്തിക്കുന്ന 'ചുലാ ചിക്കന്‍' എന്ന ധാബ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നതായി എ.ടി.എസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ്. സംഘം ഞായറാഴ്ച ധാബയില്‍ റെയ്ഡ് നടത്തിയത്. കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കടയിലെത്തിയത്. കടയില്‍ ലഹരിവില്‍പ്പന നടക്കുന്നതായി സ്ഥിരീകരിച്ചതോടെ എ.ടി.എസ്. സംഘം വിശദമായ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. റെയ്ഡില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസും ലഡുവും അടക്കം കണ്ടെടുത്തു.

കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച ഒരു കുക്കീസിന് നാലായിരം രൂപയാണ് പ്രതികള്‍ ഈടാക്കിയിരുന്നത്. ഇത്തരം കുക്കീസ് ഹോം ഡെലിവറിയായും നല്‍കിയിരുന്നു. കുക്കീസിനും ലഡുവിനും പുറമേ കഞ്ചാവ് ഓയില്‍ മാത്രമായും പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നു. ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2500 മുതല്‍ 3000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.

എ.ടി.എസ്. സംഘം അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ഗാന്ധിനഗര്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പോലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഏതെങ്കിലും മാഫിയയുടെ ഭാഗമാണോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Share this story