പ്രളയസഹായം നിഷേധിക്കുന്നു : കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി തമിഴ്‌നാട്

stalin
stalin

ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. പ്രളയസഹായം നിഷേധിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി തമിഴ്‌നാട്. തമിഴ്‌നാടിനോട് വിവേചനം കാണിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല. ഉന്നതതല സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല. തമിഴ് ജനത ദുരിതത്തിലാണ്.തമിഴ്‌നാട് ചോദിച്ചത് 37,000 കോടിയുടെ പാക്കേജാണ്. ഹര്‍ജി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തമിഴ്‌നാടിന് സഹായം നല്‍കിയെന്ന് ഇന്നലെ നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു. വരള്‍ച്ചാ സഹായം നിഷേധിക്കുന്നതില്‍ കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കടമടെുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ഹര്‍ജി ഭരണഘടന ബെഞ്ചിന് കൈമാറിയിട്ടുണ്ട്.

അതിനിടെ സനാതന ധര്‍മ വിവാദവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ വിമര്‍ശനം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഉദയനിധി സ്റ്റാലിന് ലഭിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

വാദത്തിനിടെയാണ് റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള ചില മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് ഉദയനിധിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ആ പരിരക്ഷ ഉദയനിധിക്ക് അവകാശപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags