പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകള്‍ ; ദി വയറിന്റെ റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
റിപ്പോര്‍ട്ടില്‍ 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ദ വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. റിപ്പോര്‍ട്ടില്‍ 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ വ്യക്തമാക്കിയത്.