കുടുംബം തകര്‍ന്നെന്ന തോന്നലില്‍ മദ്യശാലക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാവ്

arrest

മദ്യപാനം കാരണം കുടുംബം തകര്‍ന്നെന്ന തോന്നലില്‍ മദ്യശാലയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാവ്. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം.ആക്രമണത്തില്‍ കടയിലെ ജീവനക്കാരനായ ഇളയന്‍കുടി സ്വദേശി അര്‍ജുനനാണ് മരിച്ചത്. മദ്യ ലഹരിയില്‍ ശിവഗംഗ സ്വദേശി രാജേഷാണ് ബോംബേറ് നടത്തിയത്. ബോംബേറില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അര്‍ജുനന്‍ മരിച്ചത്.ശിവഗംഗയിലെ പല്ലാത്തൂരിലുളള മദ്യവില്‍പന ശാലയ്ക്ക് നേരെയായിരുന്നു ആക്രമണം. ഈ കടയില്‍ നിന്ന് രാജേഷ് എല്ലാ ദിവസവും മദ്യം വാങ്ങിയിരുന്നു. മദ്യപാനം ശീലമായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി കുടുംബം തകര്‍ന്നെന്ന തോന്നലിലായിരുന്നു യുവാവിന്റെ ആക്രമണം
തന്റെ കുടുംബം തകര്‍ത്ത മദ്യശാല ഇനി ഇവിടെ വേണ്ട എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. മദ്യക്കുപ്പികളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് കടയിലുണ്ടായിരുന്ന കൂടുതല്‍ പേര്‍ക്ക് പൊള്ളലേല്‍ക്കാതിരുന്നത്. ബോംബ് എറിഞ്ഞ രാജേഷും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. രാജേഷിനെതിരെ കാരക്കുടി പൊലീസ് കൊലപാതകത്തിന് കേസെടുത്തു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അര്‍ജുനന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അര്‍ജുനന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story