കുഞ്ഞിനെ പിശാച് ബാധിച്ചെന്നു സംശയിച്ച് നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്
കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ എന്നയാള്‍ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. ബെര്‍വയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ പിശാച് ബാധിച്ചെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.