തന്റെ മക്കളല്ലെന്ന് സംശയം ; രണ്ട് ആൺ മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

google news
crime
ജയ്പുർ : തന്റെ മക്കളല്ലെന്ന് സംശയിച്ച് രണ്ട് ആൺ മക്കളെയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനുവരി 31ന് തന്റെ മുത്തശ്ശിയേയും ഫെബ്രുവരി 13ന് തന്റെ മക്കളായ ഗാർവിത് (നാല്), അനുരാഗ് (എട്ട്) എന്നിവരെയും പ്രതി ഭൂപ് സിങ് വിഷം നൽകി കൊലപ്പെടുത്തിയതായി ചുരു പൊലീസ് സൂപ്രണ്ട് ജയ് യാദവ് പറഞ്ഞു.

ആർക്കും സംശയം തോന്നാതിരിക്കാൻ ആദ്യം മുത്തശ്ശിയേയും പിന്നീട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. ഗാർവിതും അനുരാഗും തന്റെ മക്കളല്ലെന്ന് ഭൂപ് സിങ് സംശയിച്ചിരുന്നതായും അതിനാലാണ് അവരെ കൊലപ്പെടുത്തതാൻ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

മൂന്നുപേരും ഒരു മാസത്തിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടക്കം ചെയ്ത കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധന നടത്തി.

ഗാർവിതിന്റെ ഫോറൻസിക് റിപ്പോർട്ടിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതാണ് ഭൂപ് സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ ഭൂപ് സിങ്ങിന് സ്വന്തമായി മെഡിക്കൽ ഷോപ് ഉണ്ടെന്നും ഇയാൾ നഴ്‌സിങ് കോഴ്സ് കഴിഞ്ഞതാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു .

Tags