രേണുക സ്വാമി കൊലക്കേസ്: കന്നഡ സൂപ്പർതാരം ദര്‍ശന്‍ അറസ്റ്റില്‍

google news
dharshan

ബംഗളുരു: പ്രശസ്ത കന്നഡ സിനിമാ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്‍റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

Tags