ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
encounter

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവിൽ എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു, ഇവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. ബിഹാറിലെ രാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ സേനയെ ആക്രമിക്കാനും പ്രദേശവാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുമാണ് ഇവരെ ഏൽപ്പിച്ചിരുന്നത്. ഇതിനിടെ സുരക്ഷാ സേനയെ കണ്ട് മൂന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈനികർ ഓടിയെത്തി ഇവരെ പിടികൂടി. തെരച്ചിലിൽ ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെടുത്തു.

Share this story