ഇഎംഐ അടവ് തെറ്റി ; യുവതിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് വീട്ടുകാർക്ക് അയച്ചുകൊടുത്ത രണ്ട് പേർ പിടിയിൽ

arrest
arrest

തിരുപ്പതി : യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ. തിരുപ്പതിയിലാണ് സംഭവം. സുല്ലൂർപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഫിനാബിൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആപ്പിൽ നിന്ന് യുവതി ഓൺലൈനായി ലോൺ എടുത്തിരുന്നു. ആദ്യത്തെ അഞ്ച് ഇഎംആകൾ കൃത്യസമയത്ത് തന്നെ അടച്ചു. ആറാമത്തെ ഇഎംഐ അടയ്ക്കാൻ അൽപം വൈകിയപ്പോൾ തന്നെ ലോൺ ആപ്പിന്റെ ഏജന്റുമാർ യുവതിയെയും കുടുംബാംഗങ്ങളെയും വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി.

അവിടം കൊണ്ടും അവസാനിക്കാതെ യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുക്കുകയും ചെയ്തു. ഇത്തരം ചിത്രങ്ങൾ യുവതിയുടെ കോൺടാക്ട് ലിസ്റ്റിലെ എല്ലാവർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ യുവതി ഉടൻ തന്നെ പണമെല്ലാം അടച്ച് ലോൺ ക്ലോസ് ചെയ്തു. തുടർന്ന് ബുധനാഴ്ച പൊലീസിൽ പരാതി നൽകി.  

മർക ഭരത് യാദവ്, പി രാമകൃഷ്ണ എന്നീ രണ്ട് യുവാക്കളാണ് പിടിയിലായത്. ലോൺ ആപ്പുകളിൽ നിന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം അനുഭവമുണ്ടായാൽ ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്ന് തിരുപ്പതി എസ്.പി പൊതുജനങ്ങളോട് പറഞ്ഞു. ഇത്തരം ആപ്പുകളിൽ നിന്ന് സേവനങ്ങൾ തേടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags