ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു

google news
amrut pal

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അമൃത്പാല്‍ സിംഗ് മത്സരിക്കുന്നത്. പഞ്ചാബിന്റെ അവകാശികള്‍ എന്നര്‍ത്ഥം വരുന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവാണ് ഇയാള്‍. പഞ്ചാബിന്റെ അവകാശ സംരക്ഷണത്തിനും സാമൂഹികപ്രശ്‌നങ്ങളുന്നയിച്ചും 2021 ല്‍ ദീപ് സിദ്ദു സ്ഥാപിച്ചതാണ് ഈ സംഘടന. ദീപു സിദ്ദുവിന്റെ മരണശേഷം 2022 ഫെബ്രുവരിയിലാണ് സംഘടനയുടെ തലപ്പത്തേക്ക് അമൃത്പാല്‍ സിംഗ് എത്തുന്നത്. 
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിരുന്ന അമൃത്പാല്‍ സിംഗ് പൊടുന്നനെയാണ് ഖലിസ്ഥാന്‍ പ്രക്ഷോഭകാരികളുടെ ഐക്കണായി മാറിയത്. തന്റെ സഹായിയെ അറസ്റ്റ് ചെയ്തതിനെതിരെ പഞ്ചാബിലെ അജ്‌നാലയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് സഹായിയെ ഇയാള്‍ മോചിപ്പിച്ചിരുന്നു. ശേഷം മുങ്ങിയ അമൃത്പാല്‍ സിംഗിനെ പൊലീസ് പിടികൂടിയത് 36 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അസമിലെ ദീബ്രുഗഡ് ജയിലിലാണ് അമൃത്പാല്‍ സിംഗ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന അമൃത്പാല്‍സിംഗിന്റെ ഹര്‍ജി പഞ്ചാബ് ഹരിയാന ഹൈക്കോടതി അനുവദിക്കുകയായിരുന്നു. പ്രതിനിധികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു. ആയിരം രൂപ മാത്രമാണ് 31 കാരനായ അമൃത്പാല്‍ സിംഗിനുള്ള ആസ്തി. ഭാര്യ കിരണ്‍ദീപ് കൗറിന് 18 ലക്ഷത്തിന്റെ അസ്തിയുമുണ്ട്. 12 ക്രിമിനല്‍ കേസുകളും അമൃത്പാലിനെതിരെയുണ്ട്.ജയിലിലുള്ള അമൃത്പാല്‍ സിംഗിനായി മാതാപിതാക്കളാണ് വോട്ട് ചോദിച്ച് മണ്ഡലത്തിലുള്ളത്. ജൂണ്‍ 1 നുള്ള ഏഴാം ഘട്ടത്തിലാണ് ഖദൂര്‍ സാഹിബിലെ വോട്ടെടുപ്പ്.

Tags