കൊറിയർ ബോയ്സെന്ന് പറഞ്ഞെത്തി; വയോധികനായ ശാസ്ത്രജ്ഞനെയും ഭാര്യയെയും പട്ടാപ്പകൽ ബന്ദികളാക്കി കവർന്നത് 2 കോടി
ദില്ലി: വയോധികനായ ശാസ്ത്രജ്ഞനെയും ഭാര്യയെയും പട്ടാപ്പകൽ ബന്ദികളാക്കി രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. കൊറിയറുമായി വന്നതാണെന്ന് പറഞ്ഞ് വീടിനകത്ത് കയറിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ വീട്ടിലാണ് കൊള്ള നടന്നത്.
വിരമിച്ച ശാസ്ത്രജ്ഞൻ ഷിബു സിങ്ങും ഭാര്യ നിർമലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊറിയർ സംഘമെന്ന വ്യാജേന രണ്ട് പേർ വന്നത്. വീടിനുള്ളിൽ പ്രവേശിച്ച ശേഷം ഷിബുവിനെയും നിർമലയെയും തോക്കിൻ മുനയിൽ നിർത്തി ബന്ദികളാക്കി. വയോധികനായ ഷിബു സിംഗ് എതിർത്തപ്പോൾ കൊള്ളക്കാർ മർദിച്ചു.
വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്നു. രണ്ട് കോടിയോളം രൂപയുടെ കവർച്ചയാണ് നടത്തിയത്. തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഉടനെ ഷിബു സിംഗ് മകനെയും പൊലീസിനെയും വിളിച്ച് വിവരം പറഞ്ഞു. പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വൃദ്ധ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.