ജല ബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ; കേജ‍്‍രിവാളിന്റെ പിഎസിന്റെ വീടുകളിലും റെയ്ഡ് നടത്തി ഇ.ഡി

google news
ed

ഡൽഹി : ജല ബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.

മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വൈഭവ് കുമാർ, ജല ബോർഡ് മുൻ അംഗം ശലഭ് കുമാർ, എഎപിയുടെ രാജ്യസഭാംഗം എൻ.ഡി.ഗുപ്ത, ചാർട്ടേഡ് അക്കൗണ്ടന്റ് പങ്കജ് മംഗൽ എന്നിവരുടെയും എഎപിയുമായി ബന്ധമുള്ള മറ്റു ചിലരുടെയും ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ടെൻഡറുകളിൽ ക്രമക്കേടു നടത്തി ലഭിച്ച തുക എഎപിയുടെ ഫണ്ടിലേക്ക് നൽകിയെന്നാണു കേസ്.

യോഗ്യതാ നിലവാരം പുലർത്താത്ത കമ്പനിക്ക് ജലബോർഡിന്റെ 38 കോടി രൂപയുടെ കരാർ നൽകിയെന്നും ഇതിൽ 17 കോടി മാത്രമാണ് പദ്ധതിക്കു ചെലവഴിച്ചതെന്നും ഇ.ഡി ആരോപിക്കുന്നു. ബാക്കി തുക വ്യാജ ബില്ലുകൾ ഉപയോഗിച്ച് കൈക്കലാക്കി കോഴപ്പണമായും എഎപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായും ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ വാദം.

Tags