ബിഹാർ സഹകരണ ബാങ്ക് തട്ടിപ്പ് : നാലുപേരെ ഇ.ഡി അറസ്റ്റ് ചെയ്തു
പട്ന: ബിഹാർ സഹകരണ ബാങ്ക് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ സി.ഇ.ഒ ഉൾപ്പെടെ നാലുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. വൈശാലി ഷാരി വികാസ് സഹകരണ ബാങ്ക് മുൻ സി.ഇ.ഒ വിപിൻ തിവാരി, ഭാര്യ പിതാവ് രാം ബാബു ഷാൻഡില്യ, നിതിൻ മെഹ്റ, സന്ദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആർ.ജെ.ഡിയുടെ ഉജിയാർപൂർ എം.എൽ.എ അലോക് കുമാർ മെഹ്തയുമായി ബന്ധമുള്ളവരുടെ വസതികളിൽ കഴിഞ്ഞദിവസം അന്വേഷണ ഏജൻസികൾ പരിശോധന നടത്തിയിരുന്നു. ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരാളാണ് അലോക് കുമാർ.
വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 400 ഓളം അക്കൗണ്ടുകൾ വഴി വായ്പ അനുവദിച്ച് ബാങ്ക് ഭാരവാഹികൾ 85 കോടിയുടെ ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വായ്പ ലഭിച്ചവർ എം.എൽ.എയുമായി ബന്ധമുള്ളവരാണ്. റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിലും ഫണ്ട് തട്ടിപ്പ് കണ്ടെത്തിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു. എന്നാൽ, ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുകയാണെന്ന് ആർ.ജെ.ഡി ആരോപിച്ചു.