സ്ത്രീധന പോര് : ബിഹാറിൽ 21കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി
acid

പട്ന: ബിഹാറിലെ മൻജൗളിൽ നവവധു ആസിഡ് കുടിച്ച് മരിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് നിർബന്ധിപ്പിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ജലി എന്ന 21കാരിയാണ് മരിച്ചത്.

ബെഗുസാരായിലെ സദർ ആശുപത്രിയിലാണ് യുവതി മരിച്ചത്. ഇത് സ്ത്രീധന കൊലപാതകമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകി. വ്യാഴാഴ്ചയോടെ അഞ്ജലിയുടെ ഭർത്താവ് ബാൽമികി സഹിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്.

മൂന്നു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിയുന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും ബൈക്കും നല്കാൻ കഴിയാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു.

ആദ്യം മൻജൗളയിലുള്ള ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ജീവന് വേണ്ടി മല്ലിട്ട അഞ്ജലിയുടെ നില വഷളാവുകയും തുടർന്ന് ബെഗുസാരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന ദിവസം അഞ്ജലിയുമായി വഴക്കുണ്ടായെന്നും രോക്ഷാകുലനായ താൻ സ്വയം ആസിഡ് കുപ്പികൊണ്ട് തലക്കടിച്ച് ബോധരഹിതനായെന്നും ബോധം വന്നപ്പോൾ അഞ്ജലി ആശുപത്രിയിലാണെന്നാണ് അറിഞ്ഞതെന്നും ബാൽമികി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിച്ച് കേസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
 

Share this story