രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീംകോടതി
doctor

രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്ന കാരണത്താൽ മാത്രം മെഡിക്കൽ അശ്രദ്ധയുടെ പേരിൽ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടർമാർ രോ​ഗിക്ക് നല്ല പരിചരണം തന്നെ നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടർക്കും ഉറപ്പ് നൽകാനാവില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചിരുന്നു. എന്നാൽ കമ്മിഷൻ ഈ ആരോപണം തള്ളുകയാണ് ചെയ്തത്. ശസ്ത്രക്രിയാ സമയത്തോ തുടർപരിചരണ വേളയിലോ ഡോക്ടർമാർ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീൽ പരിഗണിക്കവേ സുപ്രീം കോടതി അംഗീകരിച്ചു.

ചികിൽസിച്ച ഡോക്ടർമാരുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുള്ള അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്നും
ഒരു വലിയ തുക നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കൽ അശ്രദ്ധയുടെ ഭാ​ഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷൻ വിലയിരുത്തിയത്. 1996 ഫെബ്രുവരി 3നാണ് രോ​ഗി മരിച്ചത്.

Share this story