ലഹരിക്കടത്ത്: സംവിധായകൻ അമീറിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്

google news
ameer

ചെന്നൈ: തമിഴ് സംവിധായകൻ അമീറിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) സമൻസ്. ഡൽഹിയിലുള്ള എൻ.സി.ബി. ഓഫീസിൽ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. ഡി.എം.കെ. മുൻ നേതാവും ചലച്ചിത്രനിർമാതാവുമായ ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അമീറിന് സമൻസ് അയച്ചിരിക്കുന്നത്.  

അമീർ സംവിധാനംചെയ്യുന്ന പുതിയ ചിത്രം നിർമിക്കുന്നത് ജാഫർ സാദിക്കാണ്. ഇതുമായി ബന്ധപ്പെട്ടാണ് അമീറിനെ ചോദ്യംചെയ്യുന്നത്. പരുത്തിവീരൻ, മൗനം പേശിയതേ തുടങ്ങിയ ചിത്രങ്ങൾ സംവിധാനംചെയ്ത് ശ്രദ്ധിക്കപ്പെട്ട അമീർ തിരക്കഥാകൃത്തും നടനും കൂടിയാണ്. അമീറിനെ കൂടാതെ ബിസിനസുകാരായ അബ്ദുൾ ഫസിദ് ബുഹാരി, സയ്ദ് ഇബ്രാഹിം എന്നിവർക്കും എൻ.സി.ബി. സമൻസ് നൽകിയിട്ടുണ്ട്.

ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിൽ വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫർ സാദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായത്.

ആദ്യം ജാഫർ സാദിക്കിന്റെ സഹായികളായ മൂന്നുപേരും പിന്നീട് ഇയാളും പിടിയിലാകുകയായിരുന്നു. ഇവർ കഴിഞ്ഞ മൂന്നുവർഷത്തിൽ 2000 കോടിയോളം രൂപയുടെ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരിക്കച്ചവടത്തിൽനിന്ന് ലഭിച്ച പണം ജാഫർ സിനിമാനിർമാണത്തിന് ഉപയോഗിച്ചെന്നും സംശയിക്കുന്നുണ്ട്. കേസിനെത്തുടർന്ന് ജാഫറിനെ ഡി.എം.കെ. പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.