ഡിജിറ്റൽ അറസ്റ്റ് ; ബംഗളൂരുവിൽ വിദേശിയിൽനിന്ന് തട്ടിയത് 35 ലക്ഷം രൂപ
ബംഗളൂരു : വീണ്ടും ബംഗളൂരുവിൽ സൈബർ തട്ടിപ്പ്. ഇത്തവണ ബംഗളൂരുവിൽ ജോലി ചെയ്യുന്ന ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഹിരോഷി സസാക്കി എന്നയാളിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സൈബർ മോഷ്ടാക്കൾ 35.5 ലക്ഷം രൂപ തട്ടിയത്.
ഡയറി സർക്ളിനടുത്ത് താമസിക്കുന്ന യുവാവിന് ട്രായിയിൽ നിന്നെന്ന വ്യാജേനയാണ് ഫോൺ വന്നത്. ഇദ്ദേഹത്തിന്റെ സിം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും സിം കട്ടാവാതിരിക്കണമെങ്കിൽ ഒരു നമ്പർ ഡയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പർ നൽകി.
ഇതിനെത്തുടർന്ന് മുംബൈ പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ യുവാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയക്കണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണത്തിനു ശേഷം പണം തിരികെ നൽകുമെന്നാണറിയിച്ചത്. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞയുടനെ സസാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.