ബി.ജെ.പി എല്ലാ സമയവും സ്ത്രീകൾക്ക് എതിരാണ് ; ദേവേന്ദർ യാദവ്

BJP is always against women; Devender Yadav
BJP is always against women; Devender Yadav

ന്യൂഡൽഹി : ബി.ജെ.പി എല്ലായ്പ്പോഴും സ്ത്രീകൾക്ക് എതിരാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. ആർ.എസ്.എസിൽ സ്ത്രീകൾക്ക് സ്ഥാനമാനങ്ങൾ നൽകുന്നില്ലെന്നത് വസ്തുതയാണ്. ബി.ജെ.പിയുടെ മാതൃസ്ഥാപനമാണ് ആർ.എസ്.എസെന്നും അവിടെ നിന്നാണ് നേതാക്കൾ നയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ബി.ജെ.പി നേതാവ് രമേഷ് ബിദുരി നടത്തിയ വിവാദ പ്രസ്താവനകളെ സംബന്ധിച്ച് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അതിഷിയുടെയോ പ്രിയങ്ക വധേരയുടെയോ മാത്രം കാര്യമല്ല ഇത്. സ്ത്രീകളെ അപമാനിക്കുന്നതിനെക്കുറിച്ചാണ്. ഇതാദ്യമായല്ല അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. സ്ഥിരം കുറ്റവാളിയാണ് രമേഷ് ബിദുരി. ഇത്തരക്കാരെ ഒഴിവാക്കാനാവില്ല. അദ്ദേഹത്തെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ദേവേന്ദർ യാദവ് പറഞ്ഞു. അവരുടെ മാനസികാവസ്ഥ സ്ത്രീകൾക്ക് എതിരാകുമ്പോൾ അത് അവരുടെ നേതാക്കളിൽ പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. അത്തരക്കാർക്ക് സമൂഹത്തിൽ സ്ഥാനമുണ്ടാകരുത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. മത്സരിക്കാൻ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള തീരുമാനം കണക്കുകൂട്ടിയ നീക്കങ്ങളാണ്. വളരെ കണക്കുകൂട്ടിയാണ് കോൺഗ്രസ് പുതിയ മുഖങ്ങളെ അവതരിപ്പിച്ചത്.

ഇവരെല്ലാം വിദ്യാഭ്യാസമുള്ളവരാണ്. അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും അന്തിമ പട്ടിക പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തു​ വരാനിരിക്കുന്ന ലിസ്റ്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലായിരിക്കും. ജനറൽ സീറ്റായ നരേല നിയമസഭയിൽ കോൺഗ്രസ് ഒരു ദലിത് യുവതിയെ രംഗത്തിറക്കിയതായും അദ്ദേഹം പറഞ്ഞു. കുറച്ച് വർഷങ്ങളായി ഞങ്ങൾ ഡൽഹി ഘടകത്തിൽ സംഘടനാപരമായ വെല്ലുവിളി നേരിടുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാലാണ് ദേശീയ നേതാക്കൾ എത്താത്തത്. വരും ദിവസങ്ങളിൽ എല്ലാവരും എത്തും. ജനുവരി 13ന് രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. ഡൽഹിയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകൾക്കും 2,000 രൂപ എന്ന കോൺഗ്രസ് കർണാടകയിൽ കൊണ്ടുവന്ന പദ്ധതി വിജയകരമായി ഒരു വർഷം പിന്നിട്ടു മുന്നേറുകയാണ്. ഞങ്ങൾ ഉറപ്പുനൽകിയ പദ്ധതികളോ വരും ദിവസങ്ങളിൽ ഞങ്ങൾ നൽകാൻ പോകുന്ന വാഗ്ദാനങ്ങളോ ഡൽഹിക്ക് ആവശ്യമായ കാര്യങ്ങളാണ്. ആപ് പ്രഖ്യാപിച്ച പദ്ധതികളിൽ അഴിമതി വ്യക്തമായി കാണാം.

ഞങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും ആദ്യം പരിശോധിക്കുന്നത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള ഒരു കമ്മിറ്റിയാണ്. എൻ്റെ മനസ്സിൽ വന്നത് പ്രഖ്യാപിക്കുകയല്ല. ആദ്യം അത് വ്യവസ്ഥാപിതമായി പരിശോധിച്ച് അതിനുശേഷം മാത്രമേ പദ്ധതികൾ പ്രഖ്യാപിക്കാൻ ഞങ്ങളെ അനുവദിക്കൂ.

Tags