ഇന്ധന വിലവർധന ഓട്ടോ, ക്യാബ് ഡ്രൈവർമാരെ ബാധിച്ചിട്ടുണ്ടെന്ന് ഡൽഹി ഓട്ടോ റിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി
delhifuelpricehike

ഡൽഹി: പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎൻജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാൽ സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്നു മുതൽ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുവർധന അടക്കം ചർച്ചചെയ്യാൻ സമിതിയെ രൂപീകരിക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യൂണിയനുകൾ.

ഇന്ധന വില കുറച്ചും യാത്രാനിരക്ക് പരിഷ്‌കരിച്ചും സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി ഡൽഹി സർവോദയ ഡ്രൈവർ അസോസിയേഷൻ പ്രസിഡന്റ് കമൽജീത് ഗിൽ പറഞ്ഞു.സിഎൻജി നിരക്കുകളിലെ അഭൂതപൂർവമായ വർധന ഓട്ടോ, ക്യാബ് ഡ്രൈവർമാരെ ബാധിച്ചിട്ടുണ്ടെന്ന് ഡൽഹി ഓട്ടോ റിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.

"ഡൽഹി സർക്കാർ ചില കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പ്രശ്നപരിഹാരമല്ല ഞങ്ങൾക്ക് പരിഹാരം ആവശ്യമാണ്. സിഎൻജി വിലയിൽ സർക്കാർ (കേന്ദ്രവും ദില്ലിയും) കിലോയ്ക്ക് 35 രൂപ സബ്‌സിഡി നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," അദ്ദേഹം പറഞ്ഞു.90,000 ൽ അധികം ഓട്ടോകളും 80,000 അധികം രജിസ്ട്രേഡ് ടാക്സികളും ഡൽഹിയിൽ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.

നിരക്ക് പരിഷ്കരിക്കുക, സിഎൻജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പതിനായിരത്തോളം വരുന്ന ആർടിവി ബസുകളും നിരത്തിലിറങ്ങില്ലെന്ന് എസ്ടിഎ ഓപ്പറേറ്റേഴ്സ് ഏകതാ മഞ്ച് ജനറൽ സെക്രട്ടറി ശ്യാംലാൽ ഗോല പറഞ്ഞു.മെട്രോ സ്റ്റേഷനുകളിൽ നിന്ന് നഗരത്തിലെ ഉൾപ്രദേശങ്ങളിലേക്കുള്ള അവസാന മൈൽ കണക്റ്റിവിറ്റിയിൽ ഫീഡർ ബസുകൾ നിർണായക പങ്ക് വഹിക്കുന്നു.

Share this story