സൈബര്‍ തട്ടിപ്പിലൂടെ ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ

YouTube

സൈബര്‍ തട്ടിപ്പിലൂടെ ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതിന് പണം നല്‍കാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാള്‍ പറ്റിക്കപ്പെട്ടത്. ഡല്‍ഹിയിലെ മഹാ ലക്ഷ്മി എന്‍ക്ലേവില്‍ താമസിക്കുന്ന രാജേഷ് പാലിനെയാണ് വ്യാജസന്ദേശത്തിലൂടെ പറ്റിച്ചത്. ഇയാളില്‍ നിന്നും പണം തട്ടിയെടുത്ത സൈബര്‍ തട്ടിപ്പുകാരില്‍ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറ?സ്റ്റ് ചെയ്തു. മൂന്ന് വീഡിയോകള്‍ ലൈക്ക് ചെയ്തതിന് ശേഷം 150 രൂപ സംഘം രാജേഷ് പാലിന് കൈമാറിയിരുന്നു. തുടര്‍ന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തതിന് ശേഷം ഒരു ടാസ്‌കായി പണം നിക്ഷേപിക്കാന്‍ രാജേഷിനോട് ആവശ്യപ്പെട്ടു.
തുടക്കത്തില്‍ 5,000 രൂപയും പിന്നീട് 32,000 രൂപയും പിന്നീട് പല തവണകളിലായി തുക 15.20 ലക്ഷം രൂപയാകുന്നതും വരെ നിക്ഷേപം തുടരുകയായിരുന്നു. മുഴുവന്‍ തുകയും ഒറ്റയടിക്ക് തിരികെ നല്‍കാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒടുവില്‍ രാജേഷിന് കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് തട്ടിപ്പുകാര്‍ മനസ്സിലാക്കിയതോടെ അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. കാര്‍ വില്‍പ്പനക്കാരനായി ജോലി ചെയ്തിരുന്ന മിശ്ര തന്റെ ബാല്യകാല സുഹൃത്തുക്കളുടെയും കൂടെ പഠിച്ചിരുന്നവരുടെയും സഹായത്തോടെയാണ് ആളുകളെ കബളിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ് എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ മാറിമാറി താമസിക്കുകയായിരുന്നു പ്രതികളുടെ രീതി. 2024 ജനുവരി 19ന് രാജേഷ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വിവിധ അക്കൗണ്ടുകളിലായി തുക നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. ഈവിള്‍ കളക്ഷന്‍സ് എന്ന അക്കൗണ്ടില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് 1.5 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ കപഷേര പ്രദേശത്ത് നിന്ന് പ്രസ്തുത അക്കൗണ്ടിന്റെ ഇടപാടുകളുടെ ഐപി ലോഗുകളുടെ സ്ഥാനം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനൊടുവിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് തുകയായ 49000 രൂപയും തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഫോണും കണ്ടെത്തിയെന്ന്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Tags