എഎൻഐയുടെ മാനനഷ്ടക്കേസ് ; വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി

wikipedia
wikipedia

ന്യൂഡൽഹി: വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ മാനനഷ്ടക്കേസിലാണു നടപടി. രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി, ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

എഎൻഐയുടെ വിക്കിപീഡിയ പേജിൽ നടത്തിയ എഡിറ്റിങ്ങിൽ പരാതിയുമായാണ് ഏജൻസി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മോദി സർക്കാരിന്റെ പ്രോപഗണ്ടാ ആയുധമായി പ്രവർത്തിക്കുന്നുവെന്നതുൾപ്പെടെയുള്ള വിവരങ്ങൾ എഡിറ്റ് ചെയ്തു ചേർത്തുവെന്നാണ് വാർത്താ ഏജൻസി പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും മുസ്‌ലിംങ്ങൾക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ഏജൻസിക്കെതിരെ ഉണ്ടായിരുന്നു. നിലവിലെ തൊഴിലാളികളോടും മുൻ ജീവനക്കാരോടുമെല്ലാം മോശം പെരുമാറ്റമാണ് എഎൻഐയുടെ പുതിയ മാനേജ്‌മെന്റിന്റേതെന്ന് നിരവധി പേർ ആരോപിച്ചിട്ടുണ്ടെന്ന് വിക്കിപീഡിയ പേജിൽ ആരോപിക്കുന്നുണ്ട്.

2023ലെ മണിപ്പൂർ കലാപത്തിനിടയിൽ രണ്ട് കുക്കി വനിതകൾക്കു നേരെ മുസ്‌ലിംങ്ങൾ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ എഎൻഐ വ്യാജവാർത്ത നൽകിയിരുന്നുവെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും സൽപ്പേരിനെയും കളങ്കപ്പെടുത്തുന്നതാണ് ആരോപണങ്ങളെന്നാണ് എഎൻഐ ഹർജിയിൽ പറഞ്ഞത്.

Tags