‘ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം’ ; ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

delhi high court
delhi high court

ഡല്‍ഹി : ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, പോക്സോ കേസുകളില്‍ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ട്.

അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. കൂടാതെ പോക്‌സോ കേസുകളില്‍ ഉടനടി വൈദ്യസഹായവും ആവശ്യമായ സേവനങ്ങളും ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.

പ്രഥമശുശ്രൂഷ, രോഗനിര്‍ണയം, കിടത്തിച്ചികിത്സ, ഔട്ട്‌പേഷ്യന്റ് ഫോളോ-അപ്പുകള്‍, ഡയഗ്‌നോസ്റ്റിക്, ലബോറട്ടറി പരിശോധനകള്‍, ആവശ്യമെങ്കില്‍ ശസ്ത്രക്രിയകള്‍, ശാരീരികവും മാനസികവുമായ കൗണ്‍സിലിംഗ്, മാനസിക പിന്തുണ, കുടുംബ കൗണ്‍സിലിംഗ് എന്നിവ ചികിത്സയില്‍ ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. കേസുകളില്‍ അതിജീവിക്കുന്നവര്‍ക്ക് പലപ്പോഴും ആശുപത്രി പ്രവേശനം, രോഗനിര്‍ണയം, ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍, മരുന്നുകള്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തിര വൈദ്യസഹായമോ ദീര്‍ഘകാല വൈദ്യസഹായം ആവശ്യമാണ്.

Tags