ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ; പതഞ്ജലിയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

baba
baba

ഡൽഹി  : ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തിയെന്ന ഹര്‍ജിയില്‍, പതഞ്ജലി ആയുര്‍വേദയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 28ന് കേസ് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ടൂത്ത് പേസ്റ്റിൽ മത്സ്യത്തിൽ നിന്നുള്ള ചേരുവകളും ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻന്റേഡ് അതോറിറ്റിക്കും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കും യോഗാ ഗുരു ബാബാദേവിനുമാണ് ജസ്റ്റിസ് സഞ്ജീവ് നെരുല നോട്ടീസ് നൽകിയത്.

പതഞ്ജലിയുടെ ദിവ്യ ദന്ത് മഞ്ജൻ എന്ന ടൂത്ത് പേസ്റ്റ് നിലവിൽ വിൽക്കുന്നത് വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ് എന്നാൽ ഈ ടൂത്ത് പേസ്റ്റിൽ സമുദ്രാഫെൻ എന്ന വസ്തു ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഈ വസ്തു മത്സ്യത്തിൽ നിന്ന് നിർമ്മിക്കുന്നവയാണ്.

ഇതിനാൽ ഈ ടൂത്ത് പേസ്റ്റിനെ വെജിറ്റേറിയൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ച് കുറ്റകരമാണെന്നും പരാതി വിശദമാക്കുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും കൃത്യമായി പിന്തുടർന്നിരുന്ന പരാതിക്കാരനും കുടുംബത്തിനും കണ്ടെത്തൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതി വിശദമാക്കുന്നു.

സസ്യഹാരിയായ കുടുംബമാണ് യുവാവിന്റേത്. യുട്യൂബ് വീഡിയോയിൽ ടൂത്ത് പേസ്റ്റിൽ സമുദ്രാഫെൻ ഉപയോഗിക്കുന്നതായി യോഗാ ഗുരു ബാബാദേവ് സമ്മതിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നത്.

ആയുർവേദ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ നിയമം ഒഴിവാക്കിയ കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് കോടതി നടപടിയെന്നതും ശ്രദ്ധേയമാണ്. കൊവിഡ് വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലിയും യോഗ ഗുരു രാംദേവും അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022ൽ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണനയിലാണുള്ളത്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകിയ കേസിൽ കോടതി മുമ്പാകെ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതിന് യോഗ ഗുരു രാംദേവ്, അദ്ദേഹത്തിൻ്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ ഓഗസ്റ്റ് ആദ്യം സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു.

Tags