ഡൽഹി കലാപത്തിനിടെ പൊലീസ് മർദനമേറ്റു യുവാവ് കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടണം : ഡൽഹി ഹൈക്കോടതി

delhi high court
delhi high court

ഡൽഹി : ഡൽഹി കലാപത്തിനിടെ പൊലീസ് മർദനമേറ്റു യുവാവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020 ഫെബ്രുവരിയിൽ കലാപത്തിനിടെ ഫൈസാൻ എന്ന യുവാവിനെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്നതിന്റെയും ബലം പ്രയോഗിച്ചു ദേശീയഗാനം പാടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫൈസാന്റെ മാതാവ് കിസ്മതൂൻ നൽകിയ ഹർജിയിലാണു അന്വേഷണം സിബിഐക്കു വിടാൻ ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി ഉത്തരവിട്ടത്. സംഭവം വിദ്വേഷ കുറ്റകൃത്യത്തിൽപ്പെടുന്നതാണെന്നും ഡൽഹി പൊലീസ് കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

നിയമം സംരക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടവർ തന്നെ മതഭ്രാന്തന്മാരുടെ മനഃസ്ഥിതി വച്ചു പെരുമാറിയെന്നാണു മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസ്യത ഉറപ്പുവരുത്താൻ അന്വേഷണം സിബിഐക്കു കൈമാറണമെന്നു കോടതി പറഞ്ഞു. വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ഫൊറൻസിക് പരിശോധന നടത്തേണ്ടതുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു ഡൽഹി പൊലീസിന്റെ വിശദീകരണം.

Tags