ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ; ഇടത്തരക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രകടന പത്രികയുമായി ആപ്

athishi
athishi

ന്യൂഡൽഹി : അടുത്ത മാസം നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്തരക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രകടന പത്രികയുമായി ആം ആദ്മി പാർട്ടി. ഇന്ത്യൻ മധ്യവർഗം കേന്ദ്ര സർക്കാറിൻ്റെ എ.ടി.എം മാത്രമായി മാറിയതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

‘മിഡിൽ ക്ലാസ് മാനിഫെസ്റ്റോ’ എന്നു പേരിട്ട പ്രകടന പത്രിക ബധനാഴ്ചയാണ് ഡൽഹിയിൽ കെജ്‌രിവാളും ഡൽഹി മുഖ്യമന്ത്രി അതിഷിയും ചേർന്ന് പുറത്തിറക്കിയത്. ഇന്ത്യയിലെ മധ്യവർഗം ‘നികുതി ഭീകരതയുടെ’ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. ആപിന്റെ സുപ്രധാനമായ ഏഴു പോയന്റുകൾ അടങ്ങിയതാണ് പ്രകടനപത്രിക.

10 ലക്ഷം രൂപ വരെ നികുതി ഇളവ് ആവശ്യപ്പെടുന്ന നിർദേശമാണ് പ്രകടന പത്രികയിൽ പ്രധാനം. വിദ്യാഭ്യാസ ബജറ്റ് രണ്ടു ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുമെന്നും പത്രികയിൽ പറയുന്നു. ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്കായ ഇടത്തരക്കാരെയാണ് ആപ് ഇത്തവണ ലക്ഷ്യമിടുന്നത്.

‘സർക്കാരും മധ്യവർഗവും തമ്മിലുള്ള ബന്ധം വിചിത്രമാണ്. ഈ ആളുകൾ മധ്യവർഗത്തിനായി ഒന്നും ചെയ്യുന്നില്ല. എന്നാൽ സർക്കാരിന് എന്തെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം അവർ മധ്യവർഗത്തിനുമേൽ നികുതി ചുമത്തുന്നു’, പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് കെജ്‌രിവാൾ പറഞ്ഞു. രാജ്യം ഭരിക്കാൻ മധ്യവർഗം കോടിക്കണക്കിനു രൂപ അടക്കുന്നു, പക്ഷേ പ്രതിഫലമായി ഒന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags