ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം : യുവതിയെ കഷ്ണങ്ങളായി മുറിക്കാന്‍ പങ്കാളി ഉപയോഗിച്ചത് അറക്കവാളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

aftab

ദില്ലി : രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ . ശ്രദ്ധയുടെ മൃതദേഹം അറക്കവാള്‍ ഉപയോഗിച്ചാണ് അഫ്താബ് കഷ്ണങ്ങളാക്കി മുറിച്ചത്. അഫ്താബ് ശ്രദ്ധയുടെ എല്ലുകള്‍ മുറിച്ചതെങ്ങനെയാണെന്നതിനാണ് ഇതോടെ ഉത്തരമാകുന്നത്. 23 എല്ലിന്‍ കഷ്ണങ്ങളാണ് ദില്ലി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്.

ജനുവരി അവസാന വാരം ദില്ലി സാകേത് കോടതിയില്‍ കേസിന്‍റെ കുറ്റപത്രം ദില്ലി പൊലീസ് സമര്‍പ്പിക്കുമെന്നാണ് സൂചന. ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടിലാണ് ഈ അറക്കവാള്‍ ഉപേക്ഷിച്ചത്. ഇറച്ചി വെട്ടുന്ന കത്തി തെക്കന്‍ ദില്ലിയിലെ ഒരു കുപ്പത്തൊട്ടിയിലാണ് ഉപേക്ഷിച്ചതെന്നും ദില്ലി പൊലീസ് വിശദമാക്കുന്നു. ശ്രദ്ധയുടെ പിതാവിന്‍റെ ഡിഎന്‍എ സാംപിളിംഗ് ചെയ്ത ശേഷമായിരുന്നു എല്ലിന്‍ കഷ്ണങ്ങള്‍ വിശദമായ പരിശോധന നടത്തിയത്. തെക്കന്‍ ദില്ലിയിലെ മെഹ്റൂളി വന മേഖലയില്‍ നിന്നാണ് ഈ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയത്. അഫ്താബിന്‍റെ വിശദമായ നുണപരിശോധനാ ഫലവും ദില്ലി പൊലീസിന് ലഭിച്ചിരുന്നു. തുടക്കത്തില്‍ 13 എല്ലിന്‍ കഷ്ണങ്ങളാണ് ദില്ലി പൊലീസ് കണ്ടെത്തിയത്.

Share this story