കൊവിഡ് മരണക്കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം ; ഒന്നാമത് മഹാരാഷ്ട്ര, രണ്ടാമത് കേരളം
covid death

ദില്ലി : രാജ്യത്ത് ഇതുവരെ 5,26,211 പേർ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് ഒരു ഘട്ടത്തിൽ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേർ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. മരണ കണക്കിൽ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേർ കേരളത്തിൽ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകൾ സൂചിപ്പിച്ചത്.

അതേ സമയം ഒരിടവേളത്ത് ശേഷം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ  വീണ്ടും വർ‍ധനയുണ്ടാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ  17,135 പേർക്ക് കൂടി ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയർന്നു. 3.69 ശതമാനമാണ് ടിപിആർ. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 19,823 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49  ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.

കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയിൽ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.

രാജ്യത്തിതു വരെ നൽകിയ ആകെ വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇതുവരെ 3.91 കോടിയിൽ കൂടുതൽ (3,91,64,000) ആദ്യ ഡോസ് വാക്സീൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയിൽ പ്രായമുള്ളവർക്കായി പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ് വിതരണം പുരോഗമിക്കുകയാണ്.

Share this story