മതംമാറിയെന്ന് ആരോപിച്ച് ദലിത് യുവാവിനെ തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു ; സംഭവം യു പിയിൽ
ലഖ്നോ : മതംമാറിയെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാവിന് നേരെ ക്രൂരത. ബജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത് പ്രവർത്തകർ ചേർന്നാണ് യുവാവിനെ മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചത്. യു.പിയിലെ ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം.
യുവാവിനെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. യുവാവ് ക്രിസ്തുമതത്തിലേക്ക് മാറുകയും മറ്റുള്ളവരെ ഇതിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ബജ്റംഗ്ദൾ ആരോപിക്കുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാവി നിറത്തിലുള്ള ഷാളുമിട്ട് യുവാവ് നടന്നുവരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഇയാൾക്കൊപ്പം വലിയൊരു ആൾക്കൂട്ടവും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇയാളെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് എത്തിച്ച് വീണ്ടും ഹിന്ദുമതത്തിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനായി പൂജ നടത്തിയെന്നാണ് റിപ്പോർട്ട്.
ഗ്രാമീണറാണ് യുവാവ് ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് ബജ്റംഗദള്ളിനെ അറിയിച്ചത്. യുവാവ് പ്രതിഷേധിച്ചപ്പോൾ ബലമായി മൊട്ടയടിക്കുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.