ദന ചുഴലിക്കാറ്റ് : ഒഡിഷയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, 200 ട്രെയിനുകൾ റദ്ദാക്കി

railway track
railway track

ഭുവനേശ്വർ : ദന ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന പശ്ചാത്തലത്തിൽ ഒഡിഷയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. 200ഓളം ട്രെയിനുകൾ റദ്ദാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കുകയും ചെയ്തു.

ഒഡിഷയുടെ വടക്കൻ ജില്ലകളെയാണ് കാറ്റ് കൂടുതൽ ബാധിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ബാലസോർ, ഭദ്രക്, കെന്ദ്രപാഡ, മയൂർഭഞ്ജ്, ജഗത്സിങ്പൂർ, പുരി ജില്ലകളിലാണ് കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടക്കുന്നത്. മുതിർന്ന് ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇവിടെ ഏകോപനത്തിനായി നിയമിച്ചിട്ടുണ്ട്. 14 ജില്ലകളിൽ വെള്ളിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി രൂപമെടുക്കുന്നത്. ഇത് നിലവിൽ തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.

ഇന്നത്തോടെ ചുഴലിക്കാറ്റായും വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിച്ച് 25ന് രാവിലെക്കുള്ളിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിലേക്ക് പ്രവേശിക്കും. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗമായിരിക്കും കാറ്റിനുണ്ടാവുക.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ, ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത.

Tags