വിവാദ പരാമര്‍ശം; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ

google news
pitroda

വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിട്രോഡ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പിട്രോഡ. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന പരാമര്‍ശമാണ് വിവാദമായത്.

പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിറത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതും അപമാനിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്നും ദ്രൗപതി മുര്‍മുവിന്റെ ചര്‍മ്മം ഇരുണ്ടതാണ്, അതിനാല്‍ അവര്‍ ആഫ്രിക്കക്കാരിയാണെന്ന് കരുതിയ കോണ്‍ഗ്രസ് അവരെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ചിവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

പിട്രോഡയുടെ വിവാദ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാം പിട്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.

Tags