തൊഴിലില്ലായ്മ : കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പദയാത്ര നടത്താന്‍ കോണ്‍ഗ്രസ്
congress

ഉദയ്പൂര്‍ : പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പദയാത്ര നടത്താന്‍ കോണ്‍ഗ്രസ്.തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പദയാത്ര. ഒരു വര്‍ഷം നീളുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. യാത്രയുടെ ഭാഗമായി ജനതാ ദര്‍ബാറുകളും സംഘടിപ്പിക്കും.

ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷന്‍ ദിഗ്‌വിജയ് സിങ് യോഗത്തില്‍ വിഷയത്തെക്കുറിച്ച്‌ വിശദമായ അവതരണം നടത്തി. സുദീര്‍ഘ ചര്‍ച്ചയും നടന്നു. കോണ്‍ഗ്രസ് യൂത്ത് കമ്മിറ്റിയും സമാന നിര്‍ദേശം മുമ്ബോട്ടുവച്ചിരുന്നു.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങളാണ് ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നു വന്നത്. 65 വയസ്സ് പിന്നിട്ട നേതാക്കള്‍ പദവികളൊഴിഞ്ഞ് ഉപദേശക റോളിലേക്കു മാറണമെന്നതാണ് പ്രധാന നിര്‍ദേശം. ഇതുസംബന്ധിച്ച ശുപാര്‍ശ യുവജനകാര്യ പ്രമേയത്തിലുള്‍പ്പെടുത്തി. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന പ്രവര്‍ത്തക സമിതി ഇതിന് അംഗീകാരം നല്‍കിയാല്‍ സംഘടനാ തലപ്പത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.

പദവികളില്‍ വര്‍ഷങ്ങളോളം തുടരുന്ന നേതാക്കള്‍ യുവാക്കള്‍ക്കു വഴിമാറിക്കൊടുക്കണമെന്നും ആവശ്യമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ് ആവശ്യം യുവാക്കള്‍ മുന്നോട്ടു വച്ചതെന്നാണു സൂചന. യുവാക്കള്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്ന വ്യക്തമായ സന്ദേശം നല്‍കിയാണു മുതിര്‍ന്നവരില്‍ പലരെയും ശിബിരത്തിലേക്കു ക്ഷണിക്കാതിരുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളില്‍ പകുതിയോളം പേര്‍ 50 വയസ്സില്‍ താഴെയുള്ളവരാണ്.

Share this story