ഉവൈസിക്കെതിരെ സാനിയ മിർസയെ കളത്തിലിറക്കാൻ കോൺഗ്രസ്

google news
sania

ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാർഥിയായി സാനിയ മിർസയുടെ പേര് നിർദ്ദേശിച്ചതെന്നാണു റിപ്പോർട്ട്. സാനിയ മിർസയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹായമാകുമെന്നാണു വിലയിരുത്തൽ. അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദ്ദുദീൻ സാനിയ മിർസയുടെ സഹോദരി അനം മിർസയെ 2019ൽ വിവാഹം കഴിച്ചിരുന്നു.