കോൺഗ്രസിന്‍റെയും എൻ.സി.പിയുടെയും പ്രവർത്തനങ്ങളിൽ അസ്വസ്ഥരെന്ന് ശിവസേനയുടെ വിമത എം.എൽ.എമാർ

google news
mla

മുംബൈ: ശിവസേന നേതൃത്വത്തിനെതിരെ തങ്ങൾക്ക് പരാതികളൊന്നുമില്ലെന്നും എന്നാൽ സഖ്യകക്ഷികളായ എൻ.സി.പിയുടെയും കോൺഗ്രസിന്‍റെയും പ്രവർത്തന ശൈലിയിൽ തങ്ങൾ അസ്വസ്ഥരാണെന്നും ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ പ്രതിസന്ധയിലാക്കി വിമത നീക്കത്തിനൊരുങ്ങുന്ന ശിവസേനയിലെ എം.എൽ.എമാർ ബുധനാഴ്ച അസമിലെ ഗുവാഹത്തിയിലെത്തി.

ശിവസേന നേതൃത്വത്തിനെതിരെ തങ്ങൾക്ക് പരാതിയില്ല. എന്നാൽ എൻ.സി.പി കോൺഗ്രസ് മന്ത്രിമാരുമായി ചേർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ടെന്ന് വിമത സംഘത്തിലുള്ള മന്ത്രി സന്ദീപൻ ഭൂമാരെ പറഞ്ഞു.

ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ ഈ രണ്ട് സഖ്യകക്ഷികൾ കാരണം തനിക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരത്തോടെ രണ്ട് എം.എൽ.എമാർ കൂടി ഞങ്ങളോടൊപ്പം ചേരും. മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും ഭൂമാരെ അവകാശപ്പെട്ടു.
 

Tags