രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ടക്ക സീറ്റ് നേടും ; ആത്മവിശ്വാസം പ്രകടിപ്പിച്ച് അശോക് ഗെലോട്ട്

Ashok Gehlot

രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ടക്ക സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. രാഹുല്‍ ഗാന്ധിയുടെ പ്രായത്തിന്റെ എണ്ണത്തിനുള്ള സീറ്റ് പോലും ഇന്‍ഡ്യ മുന്നണി നേടില്ല എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും ഗെലോട്ട് വിമര്‍ശിച്ചു. മോദിയും ബിജെപിയും നുണയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നാരോപിച്ച മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രുപീകരിക്കുമെന്നും പ്രതികരിച്ചു. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. ആകെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി രാജസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.

നുണകള്‍ ഉപയോഗിച്ചാണ് രാജസ്ഥാനിലെ നിയമസഭ ഭരണം ബിജെപി തട്ടിയെടുത്തതെന്നും എന്നാല്‍ ഈ പൊതുതിരഞ്ഞെടുപ്പില്‍ ആ നുണകള്‍ ഫലിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ നല്ല ഭരണത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് കൊണ്ട് വന്ന ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കുകയാണ് ബിജെപി ചെയ്തതെന്നും ഗെലോട്ട് പറഞ്ഞു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 25 സീറ്റില്‍ 25 സീറ്റും നേടിയത് ബിജെപിയായിരുന്നു.

Tags