'ഗുജറാത്തിനോടുള്ള കോണ്‍ഗ്രസിന്റെ ശത്രുത വെളിവായി'; ജോഡോ യാത്രയില്‍ മേധാപട്കറിനെ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി ​​​​​​​

medha padkarദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറിനെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്ത്. കോണ്‍ഗ്രസിന് ഗുജറാത്തിനോടും ഗുജറാത്തികളോടും ഉള്ള ശത്രുതയാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആരോപിച്ചു. 

ഗുജറാത്തിലെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കാതിരിക്കാന്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുകയാണ്. ഇത് ഗുജറാത്ത് സഹിക്കില്ലെന്നും ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. 

2017ല്‍ ഉദ്ഘാടനം ചെയ്ത,  ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരായ മേധാ പട്കറുടെ പ്രചാരണത്തെ ബിജെപി വിമര്‍ശിച്ചു. അണക്കെട്ടിലെ വെള്ളം മൂലം ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേധാ പട്കര്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ വാഷിമില്‍ മേധാ പട്കറിനൊപ്പം നടന്ന രാഹുല്‍ ഗാന്ധി, ബിജെപിയെ ലക്ഷ്യം വച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.  സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പുകള്‍ കൃത്രിമമാക്കാമെന്നും സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് വേണമെങ്കില്‍ ഏത് പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാമെന്നും ബിജെപിയെ ഉന്നം വച്ച് രാഹുല്‍ പറഞ്ഞു. 

ഒരു പ്രത്യയശാസ്ത്രവും അതിന്റെ നേതാക്കളും ചേര്‍ന്ന് സമൂഹത്തില്‍ പൊരുത്തക്കേടുണ്ടാക്കാനുള്ള തന്ത്രപരമായ ആയുധമായി വര്‍ഗീയ കലാപത്തിന് വിത്തുപാകിയിരിക്കുകയാണെന്നും ഒരു പാര്‍ട്ടിയെയും പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.

 'ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമാണെങ്കില്‍ പോലും, സോഷ്യല്‍ മീഡിയ വഴി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നേക്കാം. വലിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് വേണമെങ്കില്‍, അവര്‍ക്ക് ഏത് പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാം. വ്യവസ്ഥാപിത പക്ഷപാതം ഇവിടെ നടക്കുന്നു. എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അതിന്റെ തത്സമയ ഉദാഹരണമാണ്' രാഹുല്‍ പറഞ്ഞു. 


ഇത് ഇവിഎമ്മുകളെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വിവിപാറ്റിന്റെ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) കാര്യത്തിലും കര്‍ശന നിരീക്ഷണം വേണമെന്നും രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മേധാ പട്കര്‍ പറഞ്ഞു. 


എല്ലാ പാര്‍ട്ടികളുടെയും പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ സംസാരിച്ചു. ഗ്രാമസഭകളും തദ്ദേശസ്ഥാപനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. 

Share this story