നവരാത്രി ആഘോഷിക്കാൻ ഗർബ പന്തലിൽ പ്രവേശിക്കുന്ന ഹിന്ദുക്കളെ ഗോമൂത്രം കുടിപ്പിക്കണം : ബി.ജെ.പി നേതാവ് ചിന്തു വെർമ

chinthu
chinthu

ഇൻഡോർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ പന്തലിൽ പ്രവേശിക്കുന്ന ഹിന്ദുക്കളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ്. ഇൻഡോറിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ചിന്തു വെർമയാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്.

പന്തലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആളുകളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവം സംഘടിപ്പിക്കുന്നവരോട് ആവശ്യപ്പെട്ടതായും ചിന്തു അറിയിച്ചു. ഗർബ പന്തലിൽ അഹിന്ദുക്കൾ പ്ര​വേശിക്കുന്നുണ്ടെന്നും ഇത് നിയ​​ന്ത്രിക്കാൻ ഗോമൂത്രം കൊടുത്താൽ മതിയെന്നുമാണ് ഇയാൾ പറയുന്നത്. ഹിന്ദുക്കളാണെങ്കിൽ അവർക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിർപ്പുണ്ടാകില്ലെന്നും അങ്ങനെ ആളുകളെ തിരിച്ചറിയാമെന്നും ചിന്തു മാധ്യമങ്ങളോട് പറഞ്ഞു.

'ചില പ്രത്യേകം ആളുകൾ ഇത്തരം പരിപാടികൾക്ക് അനാവശ്യമായി പ​ങ്കെടുക്കാറുണ്ട്. ഇത് പല ചർച്ചകൾക്കും വഴിവയ്‌ക്കും. ഒരാളുടെ ആധാർ കാർഡ് തിരുത്താൻ കഴിയും. പക്ഷേ, ഒരാൾ യഥാർഥ ഹിന്ദുവാണെങ്കിൽ അയാൾ ഒരു മടിയുമില്ലാതെ ഗോമൂത്രം കുടിക്കും. അത് ഒരിക്കലും നിരസിക്കില്ല’ -ചിന്തു വെർമ പറഞ്ഞു.

അതേസമയം, ചിന്തു വെർമയുടെ ആഹ്വാനം ധ്രുവീകരണത്തിന്റെ പുതിയ തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗോസംരക്ഷണ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയിൽ ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുകയാണെന്നും വിഷയം രാഷ്‌ട്രീയവത്കരിക്കാൻ മാത്രമാണ് അവർക്ക് താൽപര്യമെന്നും കോൺഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു.

Tags