‘ എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കുട്ടികൾ ഉണ്ടായിക്കൂടാ?’ ; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അഭ്യർത്ഥിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു പിന്നാലെ സമാന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും അഭിപ്രായം.
ചെന്നൈയിൽ എച്ച്ആർ, സിഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം.
എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കുട്ടികൾ ഉണ്ടായിക്കൂടായെന്നും സ്റ്റാലിൻ ചോദിച്ചു.