രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയിൽ ആശങ്ക; ചിദംബരം

google news
chidambaram

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കഴിഞ്ഞ എട്ട് വർഷമായി മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ് സർക്കാരിന്റെ മുഖമുദ്ര. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രം​ഗം വീണ്ടെടുക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ‘ചിന്തൻ ശിബിർ’ ചർച്ചകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പാനലിന്റെ തലവനാണ് ചിദംബരം.

കേന്ദ്ര സർക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായി. 2017ൽ മോദി സർക്കാർ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും അറിയാം. സംസ്ഥാനങ്ങളുടെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ദുർബലമാണ്. ഇതുപരിഹരിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്നും ചിദംബരം പറഞ്ഞു. ‌1991-ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ഉദാരവത്കരണ നയത്തിന്റെ ഭാ​ഗമായി പുതിയ യുഗത്തിന് തുടക്കമിട്ടു. സമ്പത്ത് സൃഷ്ടിക്കൽ, പുതിയ സംരംഭങ്ങൾ, പുതിയ സംരംഭകർ, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കയറ്റുമതി എന്നിവയിൽ രാജ്യം വലിയ നേട്ടങ്ങൾ കൊയ്തു. 10 വർഷത്തെ കാലയളവിൽ 27 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ആഗോളവും ആഭ്യന്തരവുമായ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക നയങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വർധിക്കുന്ന അസമത്വങ്ങൾ, 10 ശതമാനം ആളുകൾക്കിടയിലെ കടുത്ത ദാരിദ്ര്യം, ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്ക്, സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറന് എന്നിവയുടെ സാഹചര്യത്തിൽ സാമ്പത്തിക നയം പുനപ്പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags