ഛത്തിസ്ഗഢ് മാധ്യമപ്രവര്‍ത്തകനെ കൊന്നത് സ്വന്തം ബന്ധുക്കള്‍; കാരണം റോഡ് നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക

dead
dead

മുകേഷിന്റെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളായ യുവാക്കളിലേക്കെത്തുന്നത്.

ഛത്തിസ്ഗഢിലെ ബസ്തറില്‍ മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുകേഷിനെ കൊന്നത് ബന്ധുക്കളായ യുവാക്കള്‍ തന്നെയെന്നും തങ്ങള്‍ കൂടി ഉള്‍പ്പെട്ട ഒരു അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് അതിക്രൂരമായി കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്.

ജനുവരി മൂന്നിനാണ് മുകേഷിന്റെ മൃതദേഹം കസിന്‍ ആയ സുരേഷിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ ഇട്ടുമൂടിയ നിലയില്‍ കാണപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ക്ക് വേണ്ടി അടക്കം റിപ്പോര്‍ട്ട് ചെയ്ത മുകേഷിനെ ജനുവരി ഒന്ന് മുതല്‍ കാണാനില്ലെന്ന് സ്വന്തം സഹോദരനായ യുകേഷ് ആണ് പരാതി നല്‍കിയത്. തുടര്‍ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മുകേഷിന്റെ കസിന്‍സായ സുരേഷ് അടക്കമുള്ളവരിലേക്ക് എത്തുന്നതും മൃതദേഹം കണ്ടെടുക്കുന്നതും.


മുകേഷിന്റെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളായ യുവാക്കളിലേക്കെത്തുന്നത്. ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ മുകേഷ് അവസാനമായി സംസാരിച്ചത് ജനുവരി ഒന്നാം തീയതി സഹോദരനായ റിതേഷിനോടാണെന്ന് വ്യക്തമായി. ഇതേ റിതേഷ് രണ്ടാം തീയതി ഡല്‍ഹിയിലേക്ക് പോയതായും പൊലീസ് കണ്ടെത്തി. ഇതാണ് പൊലീസിനെ ഇവരിലേക്കെത്തിക്കുന്നത്.

ഉടന്‍ തന്നെ പൊലീസ് കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സംശയിച്ചിരുന്ന സുരേഷ്, റിതേഷ് എന്നിവരുടെ സഹോദരനായ ദിനേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പിന്നീട് നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് തങ്ങള്‍ മൂവരും ചേര്‍ന്നാണ് മുകേഷിനെ കൊന്നതെന്നും, റോഡ് നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് മുകേഷിനെ കൊല്ലാന്‍ കാരണമെന്നും വ്യക്തമായത്.

Tags