ചീറ്റപ്പുലികളുടെ വരവ് രാജ്യത്ത് പുതിയ ആവേശം സൃഷ്ടിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി
cheetahഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍ തുടങ്ങിയ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമ്പദ് വ്യവസ്ഥയോടൊപ്പം പരിസ്ഥിതി സമ്പത്തും വളരുകയാണ്. ചീറ്റകളുടെ മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 


രാജ്യത്തെ കോള്‍നിലങ്ങളും വനഭൂമിയും വികസിക്കുന്നതായി പ്രധാനമന്ത്രി വിലയിരുത്തി. പരിസ്ഥിതി സൗഹൃദമായ പുതിയ മനോഭാവവും ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ഏക്താ നഗറില്‍ നടക്കുന്ന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ കോണ്‍ഫറന്‍സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


രാജ്യത്തിന്റെ ഹരിത വളര്‍ച്ചയ്ക്കാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിത തൊഴിലുകളുടെ വളര്‍ച്ചയും സുസ്ഥിര വികസനവുമാണ് നമ്മുടെ ലക്ഷ്യം. പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകള്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ വിദ്യാര്‍ത്ഥിയേയും ബോധ്യപ്പെടുത്തുന്ന പഠനരീതി വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story