ഷീ-ബോക്‌സ്; തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍

she box
she box

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരാതികള്‍ അറിയിക്കാനും നിരീക്ഷിക്കാനുമാണ് ഷീ ബോക്‌സ് എന്ന പേരില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. പോര്‍ട്ടല്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമായി. 

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവയുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കൂടാതെ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനും പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും. ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് ലഭിക്കുന്ന പരാതികളില്‍ സമയ ബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെ പോര്‍ട്ടല്‍ പരിഗണിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടപടികളിലേക്കുള്ള സുപ്രധാന ചുവട് എന്നായിരുന്നു പോര്‍ട്ടല്‍ പ്രകാശനം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി അന്നപൂര്‍ണ ദേവി വ്യക്തമാക്കിയത്. പരാതിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവരാതെ പരാതികള്‍ക്ക് ഉചിതമായ പരിഹാരം കാണാന്‍ പോര്‍ട്ടല്‍ സഹായിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.


 

Tags