'രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കണം'; നിര്‍ദേശവുമായി ബംഗാള്‍ ഗവര്‍ണര്‍

google news
CV Ananda Bose

രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ നിര്‍ദേശം. ഗവര്‍ണര്‍ക്കെതിരെയായ ലൈംഗിക പീഡന കേസില്‍ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
മമത ബാനര്‍ജിക്കും പൊലീസിനും ഒഴികെ ആര്‍ക്കും രാജ്ഭവനിലെത്തി ദൃശ്യങ്ങള്‍ കാണാമെന്ന് ഗവര്‍ണര്‍ അറിയിച്ചു. നാളെ രാവിലെ 11.30ന് ദൃശ്യങ്ങള്‍ കാണിക്കാനാണ് സി വി ആനന്ദ ബോസിന്റെ നിര്‍ദേശം. രാജ്ഭവന്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നില്ലെന്ന് നേരത്തേ പൊലീസ് ആരോപിച്ചിരുന്നു.

ലൈംഗിക പീഡന കേസില്‍ ഗുരുതര ആരോപണവുമായി പരാതിക്കാരി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവര്‍ണര്‍ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ സുരക്ഷ തേടുന്നതെന്തിനാണ്. നിരപരാധി ആണെങ്കില്‍ ഗവര്‍ണര്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത് എന്തിനെന്നും പരാതിക്കാരി ചോദിച്ചു.
രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ ലൈംഗീക പീഡന പരാതിയിലാണ് ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങള്‍ കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവന്‍ അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായാണ് അതിജീവിത ആരോപിക്കുന്നത്.

രാജ്ഭവന് ഉള്ളില്‍ വെച്ചാണ് വനിതാ ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന് പൊലീസിന് മുന്നില്‍ മൊഴി ഉണ്ട്. അതിനാല്‍ കേസിന്റെ തുടര്‍ അന്വേഷണത്തിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതും രാജ്ഭവന്‍ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

Tags