ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു

sandeep
sandeep

കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ 2023 വരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നുവെന്നും, 2023 ഒക്ടോബറില്‍ സ്ഥലം മാറ്റിയെങ്കിലും, അപ്രതീക്ഷിതമായി ഒരു മാസത്തിനുള്ളില്‍ അദ്ദേഹം തിരിച്ചുവെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ വീഴ്ച്ചപറ്റിയെന്നാരോപണത്തില്‍ സന്ദീപ് ഘോഷിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐഎംഎയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഐഎംഎയുടെ കൊല്‍ക്കത്ത ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പൊലീസില്‍ നിന്നും ഹൈക്കോടതി സിബിഐയിലേക്ക് വിട്ടുകൊടുത്തതോടെയാണ് സന്ദീപ് ഘോഷിലേക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാകുന്നത്. മരണ വിവരം പൊലീസിനെ അറിയിക്കാനും മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും പ്രിന്‍സിപ്പല്‍ വീഴ്ച വരുത്തിയെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ അടക്കം ശ്രമം നടന്നിട്ടുണ്ടതായി സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

Tags