കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

supream court

ഡൽഹി : കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകാനാണ് കോടതി ഉത്തരവ്. ബോട്ട് ഉടമയ്ക്ക് നൽകുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്ന് ഈ തുക നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തുക കൃത്യമായി നൽകാൻ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിർദ്ദേശം നല്‍കി.

2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെയ്ന്‍റ് ആന്‍റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എൻ്റിക്ക ലെക്സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്.  അടുത്ത ദിവസം (ഫെബ്രുവരി 16ന് ) കപ്പലിനെ ഇന്ത്യൻ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച  സാൽവത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ. ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾവരെ ഈ കേസ് ഉണ്ടാക്കി. അന്താരാഷ്ട്ര കോടതിയിൽ വരെയും കേസ് എത്തി. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് രണ്ട് നാവികര്‍ക്ക് ജന്മനാട്ടിലേക്ക് പോകാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. നീണ്ട ഒമ്പത് വർഷത്തെ നിയമ നടപടികൾക്കൊടുവിലാണ് കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. ഇതിൽ ബോട്ടുടമക്ക് നൽകിയ നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യ തൊഴിലാളികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Share this story