നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ പതിച്ചു, മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ അപകടമുണ്ടായത്.
നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ പതിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ രാംഗംഗ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്.
ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് കാറില്‍ പോവുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാര്‍ നദിയിലേക്ക് പതിച്ചു. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്. അമിത് കുമാര്‍, സഹോദരന്‍ വിവേക് ??കുമാര്‍, സുഹൃത്ത് കൗശല്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗൂഗിള്‍ മാപ്പില്‍ വഴി നോക്കിയാണ് യുവാക്കള്‍ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലര്‍ച്ചെ മാത്രമാണ് നാട്ടുകാര്‍ അറിഞ്ഞത്. ഫരീദ്പൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.