ക്യാന്‍സർ വരുത്തുന്ന രാസവസ്തു; പഞ്ഞി മിഠായി നിരോധിച്ചു ​​​​​​​

google news
candy


പുതുച്ചേരി:  പുതുച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചു.ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപനക്കാർക്ക് കോട്ടൺ മിഠായി വിൽപന തുടരാം.

പുതുച്ചേരിയില്‍ വില്‍ക്കുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാൽ അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.

''ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ച് അത് സ്വന്തമാക്കാം.സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അവര്‍ക്ക് പഞ്ഞി മിഠായിയുടെ വില്‍പന തുടരാം. എത്ര വേഗത്തിൽ ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കേഷൻ ലഭിക്കുന്നുവോ അത്രയും വേഗത്തിൽ അവരുടെ ബിസിനസ് തുടങ്ങാം'' ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.''പഞ്ഞി മിഠായികൾ വിൽക്കുന്ന കടകൾ പരിശോധിക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷവസ്തുവിൻ്റെ സാന്നിധ്യം മിഠായികളിൽ കണ്ടെത്തിയാൽ അവ പിടിച്ചെടുക്കും. കൃത്രിമ നിറങ്ങള്‍ അടങ്ങിയ മിഠായികള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ആളുകള്‍ അറിഞ്ഞിരിക്കണം'' ഗവര്‍ണര്‍ പറഞ്ഞു. 

Tags