കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ച ; നിര്‍ണായക എന്‍ഡിഎ യോഗം ഇന്ന് നടക്കും

modi

കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി നിര്‍ണായക എന്‍ഡിഎ യോഗം ഇന്ന് നടക്കും. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 
പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. രാവിലെ 11.30 ന് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ കോണ്‍ഗ്രസും തള്ളിയിട്ടില്ല. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം. ഇന്ന് നടക്കുന്ന സഖ്യ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നല്‍കിയാല്‍ ജനാധിപത്യം തകര്‍ക്കും എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയര്‍ന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അമേഠിയിലെ കെ എല്‍ ശര്‍മ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തും എന്നതില്‍ തീരുമാനം പിന്നീട് എടുക്കും.

Tags