വ്യാജ വോട്ടുകളെ തടയാതെ ഇനി ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി മത്സരിക്കില്ല ; മായാവതി
ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണെന്ന് മായാവതി
വ്യാജ വോട്ടുകളെ തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നതുവരെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി മത്സരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണെന്ന് മായാവതി പറഞ്ഞു.
ബാലറ്റ് പേപ്പറുകളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുതല്‍ തന്നെ വ്യാജ വോട്ടിനെക്കുറിച്ചും തിരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോള്‍ ഇവിഎമ്മിലും സമാന പ്രവണതയാണുള്ളത്. ജനാധിപത്യത്തെ സംബന്ധിച്ച് ഇത് ഏറ്റവും ആശങ്കയുള്ള കാര്യമാണെന്നും മായാവതി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പുകളില്‍ പരസ്യമായി വ്യാജ വോട്ട് നടക്കുകയാണെന്നും മായാവതി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ ഇതിന് സാക്ഷ്യം വഹിച്ചെന്നും അവര്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ആശങ്കയുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനുള്ള പ്രധാന മുന്നറിയിപ്പാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.